നാളെയും വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഓഫര്‍, റെക്കോര്‍ഡ് വില്‍പ്പനയുമായി കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം: ഇന്നും നാളെയും (ബുധന്‍, വ്യാഴം) സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1,500 രൂപയോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്‌പെഷ്യല്‍ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡ് വഴി തിങ്കളാഴ്ച വരെ 150 കോടി രൂപയുടെ റെക്കോഡ് വില്‍പ്പനയുണ്ടായി. 1543 സഹകരണ സ്ഥാപനങ്ങളും കണ്‍സ്യൂമര്‍ഫെഡും നടത്തിയ ഓണം സഹകരണ വിപണികളിലൂടെയും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയുമാണ് ഈ നേട്ടം. ഗ്രാമങ്ങളില്‍ വരെ ഓണച്ചന്തകളൊരുക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു എന്ന് അധികൃതര്‍ അറിയിച്ചു. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മറ്റു നിത്യോപയോഗ സാധനങ്ങള്‍കൂടി ലഭ്യമാക്കിയതോടെ ചന്തകള്‍ സജീവമായി. ഇതുവരെ 15 ലക്ഷം കുടുംബം ഓണച്ചന്തകളിലും ത്രിവേണികളിലുമെത്തി. അരി ഉള്‍പ്പെടെ 13 ഇനങ്ങളാണ് സബ്സിഡി നിരക്കിലുള്ളത്. ജയ അരിക്ക് മാര്‍ക്കറ്റില്‍ 45രൂപ വരെയുള്ളപ്പോള്‍ 33 രൂപയ്ക്കാണ് നല്‍കിയത്. 45 രൂപയുള്ള പഞ്ചസാര 34.65 രൂപയ്ക്കും. ഓണം കഴിയുമ്പോള്‍ വിറ്റുവരവ് 200 കോടി രൂപ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ആര്‍ ശിവകുമാര്‍ പറഞ്ഞു.